logo

ശബരിമല സ്ത്രീപ്രവേശന വിധിയിൽ സംഘപരിവാറിൽ ഭിന്നത; ആർഎസ്എസ് നേതൃത്വത്തോട് യോജിക്കാനാകാതെ സംസ്ഥാന നേതാക്കൾ

Arun Perumadathil | Updated on:   Sep  30,  2018  12:38 am

കോടതി വിധിയിൽ കടുത്ത അമർഷമുണ്ടെങ്കിലും കേരളത്തിലെ പരിവാർ നേതാക്കൾ മിതമായി പ്രതികരിക്കുന്നതും ആർഎസ്എസ് നേതൃത്വത്തെ ചോദിപ്പിക്കണ്ടെന്നു കരുതിയാണ്.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ സംഘപരിവാറിൽ ഭിന്നത. നേരത്തെ ഈ വിഷയം കോടതിയിൽ എത്തിയപ്പോൾ മുതൽ, സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാനാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരുന്നത്. വിധി വന്നതിനു പിന്നാലെ കടുത്ത വിരുദ്ധാഭിപ്രായവുമായാണ് സംസ്ഥാനത്തെ സംഘപരിവാർ നേതാക്കൾ മുന്നോട്ടുവന്നിരിക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിശാല ഹിന്ദു ഐക്യം സൃഷ്ടിച്ചെടുക്കാനായി ജാതി - ലിംഗ ഭേദമന്യേ മതത്തിനുള്ളിൽ യോജിപ്പുണ്ടാകണമെന്നും അതിനായി ഇത്തരം വിധികൾ ഉപകാരപ്പെടുമെന്നാണ് ഒരു വിഭാഗം ചിന്തിക്കുന്നത്. ഏകീകൃത സിവിൽ കോഡ് വിഷയത്തിലടക്കം തീരുമാനം ഉണ്ടാകേണ്ടതിനാൽ തന്നെ ഇത്തരം വിഷയങ്ങളിൽ കോടതിവിധിയോടു യോജിപ്പുകാട്ടണമെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നാൽ ഹിന്ദു ആചാരങ്ങളോടുള്ള കടന്നുകയറ്റമെന്ന നിലയിലാണ് കേരളത്തിലെ സംഘപരിവാർ നേതാക്കൾ ഈ വിഷയത്തെ നോക്കിക്കാണുന്നത്.
കോടതി വിധിയിൽ കടുത്ത അമർഷമുണ്ടെങ്കിലും കേരളത്തിലെ പരിവാർ നേതാക്കൾ മിതമായി പ്രതികരിക്കുന്നതും ആർഎസ്എസ് നേതൃത്വത്തെ ചോദിപ്പിക്കണ്ടെന്നു കരുതിയാണ്. സമാന വിഷയങ്ങളിൽ തീവ്ര പ്രതികരണം നടത്തിയിരുന്ന ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല പോലും സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍ വിധി ഇങ്ങനെയായിപ്പോയതില്‍ വിഷമമുണ്ടെന്നുമാണ് മയത്തിൽ പ്രതികരിച്ചത്. കർണാടകത്തിലെ ആർഎസ്എസ് ഉന്നത നേതാക്കളുമായടക്കം അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്ന കെ സുരേന്ദ്രൻ കോടതിയെ വിധിയെ സ്വാഗതം ചെയ്യുന്നതും ഇതേ കാരണത്താൽ തന്നെയാണ്.
തീവ്ര ഹിന്ദുത്വവാദികളായ അണികൾ സുപ്രീം കോടതി വിധിയിൽ അതൃപ്തരാണെന്നാണ് സംസ്ഥാനത്തെ പരിവാർ നേതാക്കളുടെ വിലയിരുത്തൽ. ഈ ഘട്ടത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നത് ഇരിക്കുന്ന കമ്പു വെട്ടുന്നപോലെയാകും, എന്നാൽ കേന്ദ്ര നേതൃത്വം മറിച്ചൊരു തീരുമാനത്തിലായതിനാൽ നേതാക്കൾക്കൊന്നും മറിച്ചൊരു പരസ്യനിലപാട് വീകരിക്കാനും കഴിയുകയില്ല.
ആർഎസ്എസിന് തീവ്രത പോരെന്നു പ്രചാരണം നടത്തുന്ന പ്രവീൺ തൊഗാഡിയയുടെ വലം കൈയായ പ്രതീഷ് വിശ്വനാഥ്‌ 'ഹിന്ദു ഹെല്പ് ലൈൻ' എന്ന പേരിൽ തീവ്ര ഹിന്ദുത്വ വാദികളെ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കനുകൂലമായ നിലപാട് സംസ്ഥാനത്തെ പരിവാർ നേതാക്കൾ സ്വീകരിച്ചാൽ അണികളെ ഇളക്കിവിടാൻ ഹിന്ദു ഹെല്പ് ലൈനും മുന്നിൽ തന്നെയുണ്ടാകും എന്ന് തീർച്ചയാണ്.

add image

Latest


add image
add image
add image
add image
Top