logo
Breaking News

അച്ഛന്റെ മൃതദേഹത്തിൽ തൊട്ട് കരയുന്ന മകന്റെ ചിത്രം; ഒരു ദിവസംകൊണ്ട് സോഷ്യൽ മീഡിയ സമാഹരിച്ചത് 30 ലക്ഷം

News Desk | Updated on:   Sep  18,  2018  11:11 pm

ആ കുടുംബത്തിനുവേണ്ടി ഒരു ദിവസം കൊണ്ട് സമാഹരിക്കാനായത് മുപ്പത് ലക്ഷം രൂപയാണ്

ഡൽഹി : ഹൃദയഭേദകമായിരുന്നു ആ കാഴ്ച്ച, ശുചീകരണ തൊഴിലാളിയായിരുന്ന അച്ഛന്റെ മൃതദേഹത്തിനരികില്‍ നിന്ന് കരയുന്ന മകൻ. മാധ്യമ പ്രവര്‍ത്തകനായ ശിവ് സണ്ണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമം ഏറ്റെടുത്തത്.

നഗരത്തിലെ ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് 27 വയസുകാരനായ അനില്‍ മരിച്ചത്. ഓവുചാലില്‍ നിന്ന് തിരികെ കയറുന്നതിനിടെ കയര്‍ പൊട്ടിവീണാണ് അപകടമുണ്ടായത്. അനിലിന്റെ മൃതദേഹത്തിനരികില്‍ നിന്ന് കരയുന്ന മകന്റെ ചിത്രം ശ്മശാനത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനായ ശിവ് സണ്ണി തന്റെ ക്യാമറയിൽ പകർത്തിയത്.

'മൃതദേഹത്തിനടുത്തേക്ക് വന്ന മകന്‍ മുഖം മറച്ചിരുന്ന തുണി നീക്കി കൈകൾകൊണ്ട് കവിളില്‍ തൊട്ട് അച്ഛാ എന്ന് വിളിച്ച് കരയുകയായിരുന്നു. ഡല്‍ഹിയില്‍ മരിക്കുന്ന നിരവധി ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മാത്രമാണ് വെള്ളിയാഴ്ച മരണപ്പെട്ട അനില്‍ അയാളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള പണം പോലും കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നില്ല' ഇതായിരുന്നു ശിവ് സണ്ണിയുടെ ട്വിറ്ററിലെ കുറിപ്പ്.

ശിവ് സണ്ണിയുടെ കുറിപ്പും ചിത്രവും അതോടെ സമൂഹമാധ്യമം ഏറ്റെടുത്തു. ആ കുടുംബത്തിനുവേണ്ടി ഒരു ദിവസം കൊണ്ട് സമാഹരിക്കാനായത് മുപ്പത് ലക്ഷം രൂപയാണ്. ഉദയ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ധനം സമാഹരിച്ചത്.

ക്രൈം റിപ്പോര്‍ട്ടറായ താന്‍ നിരവധി ദുരന്തവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതുപോലെ ഹൃദയം തകര്‍ക്കുന്നതായിരുന്നില്ല മറ്റൊരു കാഴ്ച്ചയുമെന്നും ശിവ് സണ്ണി പിന്നീട് പറഞ്ഞു. ശുചീകരണത്തൊഴിലാളികളുടെ ദുരിതജീവിതം പുറം ലോകം അറിയണമെന്ന് ആഗ്രഹിച്ചാണ് താന്‍ ആ ചിത്രം പങ്കുവച്ചത്. ഒരാഴ്ച്ച മുമ്പാണ് അനിലിന്റെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ന്യുമോണിയ ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാനുള്ള പണം അനിലിന്റെ കയ്യിലുണ്ടായിരുന്നില്ലെന്നും ശിവ് സണ്ണി പറഞ്ഞു.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാവുകയാണ് ശുചീകരണത്തൊഴിലാളികള്‍ എന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.



add image

Latest


add image
add image
add image
add image
Top