logo

ആൾക്കൂട്ട അക്രമം തടയാൻ ‘മാനവ സുരക്ഷാ നിയമം’

News Desk | Updated on:   Sep  11,  2018  06:57 am

കരട് ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി

ഡൽഹി : ആൾക്കൂട്ട അക്രമം നടത്തുന്നവർക്കെതിരെ കർശനശിക്ഷയും ഇരയ്ക്ക്‌ നഷ്ടപരിഹാരവും വ്യവസ്ഥചെയ്യുന്ന ‘മാനവസുരക്ഷാ നിയമം’ വരുന്നു. കരട് ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി.

ആൾക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച്‌ നടപടിയെടുക്കാൻ രൂപവത്കരിച്ച ഉന്നത മന്ത്രിതലസമിതിയുടെ പരിഗണനയ്ക്കുശേഷം ബിൽ അന്തിമാനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസിനു സമർപ്പിക്കും.

ഇന്ത്യൻശിക്ഷാ നിയമത്തിലും ക്രിമിനൽ നടപടിച്ചട്ടത്തിലും പ്രത്യേകം വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയും മന്ത്രിതലസമിതിയുടെ പരിഗണനയിലുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ ആൾക്കൂട്ട അക്രമത്തിന്‌ പ്രേരിപ്പിക്കുന്നത്‌ തടയാനുള്ള മാർഗങ്ങളും സമിതി മുന്നോട്ടുവയ്ക്കും.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതിയിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, സാമൂഹികക്ഷേമ മന്ത്രി തവർചന്ദ് ഗെഹ്‌ലോത് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.


ബില്ലിലെ മുഖ്യനിർദേശങ്ങൾ

ആൾക്കൂട്ട അക്രമമെന്നാൽ രണ്ടോ അതിൽക്കൂടുതലോ ആളുകൾ നിയമവിരുദ്ധമായി സംഘംചേർന്ന്‌ പ്രത്യേകലക്ഷ്യം കൈവരിക്കാൻ നടത്തുന്ന അക്രമമാണ്.

അക്രമിസംഘത്തിലെ എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്.

ആൾക്കൂട്ട അക്രമത്തിൽ ഇര കൊല്ലപ്പെട്ടാൽ ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും.

ഇരയ്ക്ക്‌ മാരകമായ പരിക്കേൽപ്പിച്ചാൽ 10 വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും.

ഗുരുതര പരിക്കേൽപ്പിച്ചാൽ ഏഴുവർഷം തടവും ഒരുലക്ഷംരൂപ പിഴയും.

ആൾക്കൂട്ട അക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ അവ നിയന്ത്രിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന്‌ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ്‌ മന്ത്രിതലസമിതിയും അതിനുതാഴെ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥസമിതിയും രൂപവത്കരിച്ചത്.

add image

Latest


add image
add image
add image
add image
Top