logo

പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കാഞ്ചേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

News Desk | Updated on:   Sep  08,  2018  01:04 pm

ഏറെക്കാലമായി ഇയാൾക്കെതിരെ കർശനനടപടിയെടുക്കണമെന്നു ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

എറണാകുളം: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ വ്യാജചികിത്സകൻ ജേക്കബ് വടക്കഞ്ചേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചമ്പക്കരയുള്ള ഇയാളുടെ സ്ഥാപനത്തിൽ നിന്നും എറണാകുളം ക്രൈം ബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പല വിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന
ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തിനെതിരെ കുപ്രചരണം നടത്തിയ ജേക്കബ് വടക്കാഞ്ചേരി, ആരും പ്രതിരോധ മരുന്ന് കഴിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ നടത്തിയ കുപ്രചരണങ്ങൾ ശ്രദ്ധയിൽ പെട്ട ആരോഗ്യ മന്ത്രി കെകെ ശൈലജ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കുകയായിരുന്നു. യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കത്തിൽ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഡിജിപി നൽകിയ നിദേശത്തെത്തുടർന്നാണ് ക്രൈം ബ്രാഞ്ച് കേസ് രെജിസ്റ്റർ ചെയ്ത് ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ഡിഫ്തീരിയ പ്രതിരോധ മരുന്നിനെതിരെയും ജേക്കബ് വടക്കാഞ്ചേരി സമാനമായി കുപ്രചരണം നടത്തിയിരുന്നു. ഏറെക്കാലമായി ഇയാൾക്കെതിരെ കർശനനടപടിയെടുക്കണമെന്നു ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top