logo

ബ്രിട്ടീഷ് കാലത്തെ നിയമത്തെ റദ്ദാക്കി; സ്വവർഗരതിയെ നിയമവിധേയമാക്കി സുപ്രീംകോടതിയുടെ ഐതിഹാസിക വിധി

Delhi Bureau | Updated on:   Sep  06,  2018  11:51 am

സ്വവര്‍ഗരതിയെ ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്.

ന്യൂഡൽഹി: സ്വവർഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതിയുടെ നിർണായക വിധി പുറത്ത്​ വന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ്​ വിധി പുറപ്പെടുവിച്ചത്​. സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പ്​ കോടതി റദ്ദാക്കി. നാല് വിധിപ്രസ്താവമാണ് ഈ വിഷയത്തിൽ ബെഞ്ച് തയ്യാറാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വായിച്ച വിധിപ്രസ്താവത്തിലാണ് സ്വവർഗരതി നിയമവിധേയമായിരിക്കുന്നത്.സ്വവർഗരതി കുറ്റകൃത്യമാക്കുന്നതു സംബന്ധിച്ച ബ്രിട്ടീഷ് കാലത്തെ നിയമമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിപ്രസ്താവത്തിലൂടെ റദ്ദാക്കിയിരിക്കുന്നത്. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത് എന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. 1861ലെ നിയമ പ്രകാരം ​സ്വവർഗ രതി 10 വർഷം വരെ തടവ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായിരുന്നു​. ഭരതനാട്യം നർത്തകൻ നവ്​തേജ്​ സിങ്​ ജോഹർ, മാധ്യമപ്രവർത്തകൻ സുനിൽ മെഹ്​റ, ഭക്ഷണശാല നടത്തിപ്പുകാരി റിതു ഡാൽമിയ, നീംറാന ഹോട്ടൽ സ്​ഥാപകൻ അമൻ നാഥ്​, ബിസിനസുകാരി അയേഷ കപൂർ എന്നിവരാണ്​ സ്വവർഗ രതി കുറ്റകരമാക്കുന്ന 377ാം വകുപ്പ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്​. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നു എന്നതിലൂന്നിയായിരുന്നു ഇവരുടെ പരാതി. വകുപ്പ്​ റദ്ദാക്കപ്പെടുന്നതോടെ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തി​​ന്റെ മനോഭാവം തന്നെ മാറുമെന്നായിരുന്നും ഇവർ വാദിച്ചു. സ്വവര്‍ഗരതിയെ ക്രിമിനല്‍കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിച്ചത്. കേസിൽ ഉചിതമായ തീരുമാനം കോടതിക്ക് കൈകൊള്ളാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം അറിയിച്ചത്. ലൈംഗികതയുടെ പേരിൽ ആരും ഭയന്ന് ജീവിക്കാൻ ഇടവരരുതെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. നേരത്തെ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതിയെ നിയമ വിധേയമാക്കിയിരുന്നെങ്കിലും 2013ല്‍ വിധി സുപ്രീംകോടതി റദ്ദാക്കി ബ്രിട്ടീഷ്​കാലഘട്ടത്തിലെ നിയമം പുനഃസ്​ഥാപിക്കുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top