logo

അയോധ്യ മുതൽ ആധാർ വരെ; 18 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നടത്തേണ്ടത് ഇന്ത്യയുടെ ഭാവി നിശ്ചയിക്കേണ്ട 10 വിധിപ്രസ്താവങ്ങൾ

Jiya Sujan | Updated on:   Sep  03,  2018  04:55 pm

ദീപക് മിശ്ര ഒരു പക്ഷെ തന്റെ പേര് ചരിത്രത്തിൽ കുറിച്ചിടുക ഇന്ത്യയുടെ ഭാവി തന്നെ നിശ്ചയിക്കാൻ പോകുന്ന ഈ 10 വിധി പ്രസ്താവനകളിലൂടെ ആയിരിക്കും.

ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ എന്ന സ്ഥാനത്ത് നിന്നും വരുന്ന ഒക്ടോബർ രണ്ടിന് വിരമിക്കാനിരിക്കുന്ന ദീപക് മിശ്ര അവശേഷിക്കുന്ന 18 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ നടത്തേണ്ടത് ചരിത്രപ്രധാനമായ 10 വിധിപ്രസ്താവങ്ങൾ. ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ എന്ന സ്ഥാനത്തിരുന്നുകൊണ്ട് സുപ്രധാനമായ പല കേസുകളിലൂടെയും വിവാദങ്ങളിലൂടെയും ഇംപീച്ച്മെന്റ് നീക്കത്തിലൂടെയും കടന്നുപോയ ദീപക് മിശ്ര ഒരു പക്ഷെ തന്റെ പേര് ചരിത്രത്തിൽ കുറിച്ചിടുക ഇന്ത്യയുടെ ഭാവി തന്നെ നിശ്ചയിക്കാൻ പോകുന്ന ഈ 10 വിധി പ്രസ്താവനകളിലൂടെ ആയിരിക്കും.

1. അയോധ്യ

ആരാധനാലയം എന്നത് മുസ്ലീങ്ങൾക്ക് പ്രാധാന്യമേറിയ ഒന്നാണോ എന്ന ചോദ്യത്തിനാവും ദീപക് മിശ്ര ഉത്തരം കണ്ടെത്തേണ്ടി വരിക. 1994ൽ എം ഇസ്മായിൽ ഫാറൂഖി രാം ജന്മഭൂമി - ബാബരി മസ്ജിദ് കേസിൽ ആരാധനാലയം എന്നത് മുസ്ലീങ്ങൾക്ക് പ്രാധാന്യമേറിയ ഒരു ഘടകമല്ല എന്ന് പ്രസ്താവിച്ചിരുന്നു. ഇതിന്മേലാണ് അയോധ്യയിലെ രാമക്ഷേത്രം എന്ന ഹിന്ദുത്വ രാഷ്ട്രീയം തന്നെ നിലനിൽക്കുന്നത്. ഇതിൽ അവസാന വിധി പ്രസ്താവം നടത്തേണ്ടുന്ന ഉത്തരവാദിത്തമാണ് ദീപക് മിശ്രയ്ക്ക്.

ദീപക് മിശ്ര പറയാനിരിക്കുന്ന വിധിയാകും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തെയും കൂട്ടുകെട്ടുകളെയും ഒരു പക്ഷെ ജയപരാജയങ്ങളെപ്പോലും നിശ്ചയിക്കുക. ഇന്ത്യയിലെ സെകുലർ - ഹിന്ദുത്വ രാഷ്ട്രീയ ബല പരീക്ഷണങ്ങളുടെ കൂടി വിധിയാകും ദീപക് മിശ്രയുടെ വിധി പറയൽ സ്വാധീനിക്കുക.

2. സെക്ഷൻ 377

ഇന്ത്യൻ പൗരന്മാർക്ക് ഏതു തരം ലൈംഗികത ആണ് നിയമപരമായി പുലർത്താനാവുക എന്ന ചോദ്യത്തിന്റെ ഉത്തരമാണ് സെക്ഷൻ 377 വിധിയിലൂടെ ദീപക് മിശ്ര പറയേണ്ടത്. 465 വര്‍ഷം പഴക്കമുള്ള സെക്ഷന്‍ 377 സംബന്ധിച്ച് എന്താണ് വിധി പറയേണ്ടത് എന്നത് ദീപക് മിശ്രയെ മാത്രം ആശ്രയിച്ചിരുന്ന ഘടകം കൂടിയാണ്. സ്വാഭാവികത ലൈംഗികതയെ നിർവചിക്കുന്നതിനൊപ്പം ഭൂരിപക്ഷ ലൈംഗികത ഉൾക്കൊള്ളാതെ 'അസ്വാഭാവിക ലൈംഗികതയെ' കൂടി ഉൾക്കൊള്ളേണ്ടതുണ്ട് ദീപക് മിശ്രയ്ക്ക്.

നൂറ്റാണ്ടുകളായി പുലർത്തിവന്നിരുന്ന അനാചാരങ്ങളെയും അസമത്വങ്ങളെയും ഇല്ലാതാക്കിയ ഇന്ത്യൻ ജുനീഷ്യറി, പുരോഗമനത്തിലേക്ക് മുന്നേറുകയാണോ അതോ ഇപ്പോഴും ഇന്ത്യയിലെ ഭൂരിപക്ഷം വച്ചുപുലർത്തുന്ന 'ആചാരങ്ങളോട്' സമരസപ്പെടുമോ എന്നുള്ള വലിയ ചോദ്യത്തിന് കൂടിയാണ് ദീപക് മിശ്ര ഉത്തരം പറയാൻ പോകുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള രാജ്യത്തിന്റെ സമീപനം മാത്രമല്ല മനുഷ്യാവകാശ പോരാട്ടങ്ങളിലെ ഒരു അധ്യായമായി കൂടിയാണ് ഈ വിധി പ്രസ്താവം ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നത്.

3. ശബരിമല

ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെയാണ്‌ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ദീപക് മിശ്ര അബ്ഹസംബോധന ചെയ്യുന്നത്. ആർത്തവം എന്നത് അശുദ്ധിയാണെന്നും അതിനാൽ സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതമെടുക്കാൻ കഴിയില്ലെന്നുമുള്ള പാട്രിയാർക്കിയാൽ വാദമുഖത്തോടു ദീപക് മിശ്ര എങ്ങനെ പ്രതികരിക്കുന്നു എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. ഹിന്ദുയിസത്തിനകത്ത് മാത്രമല്ല, രാജ്യത്ത് നിലനിൽക്കുന്ന എല്ലാത്തരത്തിലുമുള്ള പാട്രിയാർക്കിയാൽ വിവേചനത്തോടുള്ള സമീപനമാകും ഈ വിഷയത്തിലെ വിധി.

4. തത്സമയം കോടതി

കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുക എന്ന ആശ്യത്തിന്മേൽ ദീപക് മിശ്ര തീരുമാനമെടുക്കേണ്ടതുണ്ട്. കോടതി നടപടികൾ സുതാര്യമാക്കുക എന്നതിനോടൊപ്പം ജുഡീഷ്യറിയെപ്പറ്റി പൗരന് അവബോധമുണ്ടാക്കാനും ഇതുവഴി സാധിക്കും.അനുകൂലമായ തീരുമാനമാണ് ദീപക് മിശ്ര കൈക്കൊള്ളുന്നതെങ്കിൽ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാകും അത്.

5. സെക്ഷൻ 497

ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 497 നിയമസാധുത ചോദ്യം ചെയ്തുള്ള ഹരജിയിൽ വിധി പറയേണ്ടതുണ്ട്. അന്യ പുരുഷന്റെ ഭാര്യയായ സ്ത്രീയുമായി, ഭർത്താവിന്റെ സമ്മതമില്ലാതെ, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലും കുറ്റകരമാണ്. ഈ വകുപ്പ് പ്രകാരം ലൈംഗിക ബന്ധത്തില്‍ പങ്കാളിയായ പുരുഷന് മാത്രമാണ് ശിക്ഷ. ഇത് തുല്യതയ്ക്ക് എതിരാണെതാണ് പരാതി.

സ്ത്രീയെ ഭര്‍ത്താവിന്റെ ഒരു സ്ഥാവര ജംഗമ വസ്തുവായി പരിഗണിക്കുന്നതാണ് സെക്ഷൻ 497 എന്ന് നേരത്തെ ഹരജി പരിഗണിക്കവെ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഈ നിയമത്തിന്റെ പൊളിച്ചെഴുത്ത്, കാലികമായി നിയമങ്ങൾ പരിഷ്കരിക്കപ്പെടണമെന്ന സന്ദേശം കൂടി നല്കുന്നതാവും.

6. ക്രിമിനൽ കേസും ജനപ്രതിനിധികളുടെ അയോഗ്യതയും

ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികൾക്ക്
തത്സ്ഥാനങ്ങളിൽ തുടരാനോ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് ദീപക് മിശ്ര വിധി പ്രസ്താവം നടത്തേണ്ടതുണ്ട്. നിലവിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്ഥാനം നഷ്ടമാകുകയും അഞ്ച് വർഷം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ കഴിയാത്ത സ്ഥിതിയുണ്ട്.

എന്നാൽ പ്രതിയാക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് നിരപരാധികളാണെന്ന് തെളിയിക്കാനുള്ള സ്വാഭാവിക നീതി നിഷേധിക്കപെടുന്നതിനെതിരെ വ്യാപക എതിർപ്പുകൾ ഉണ്ട്. നേരത്തെ കോടതിക്ക് പാര്ലമെന്റിനകത്തേക്ക് കയറാൻ കഴിയില്ലെന്ന് കേസ് പരിഗണിക്കവെ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയിൽ പറഞ്ഞിരുന്നു.

7. സ്ഥാനക്കയറ്റത്തിലെ സംവരണം

പട്ടികജാതി-വർഗക്കാരുടെ സ്ഥാനക്കയറ്റത്തിലെ സംവരണവുമായി ബന്ധപ്പെട്ട് ഡൽഹി, ബോംബെ, പഞ്ചാബ്- ഹരിയാണ ഹൈക്കോടതികളുടെ വിവിധ വിധികളുണ്ട്. ഇവയ്ക്കെതിരേ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതിയും വിവിധ ഉത്തരവുകളിറക്കിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ 14000 ഒഴിവുകളാണ്‌ നികത്താതെ കിടക്കുന്നത്. എസ്.സി., എസ്.ടി. വിഭാഗക്കാരുടെ സ്ഥാനക്കയറ്റ സംവരണത്തിന് ക്രീമീലെയർ ആശയം പ്രസക്തമല്ലെന്ന് 2006-ൽ എം നാഗരാജ് കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഇതിൽ ചരിത്രപരമായ അന്തിമ വിധി പറയേണ്ട ചുമതല ദീപക് മിശ്രയ്ക്കാണ്.

8. എംപിമാരുടെയും എംഎൽഎമാരുടെയും വക്കീൽ തൊഴിൽ

എംപിമാരുടെയും എംഎൽഎമാരുടെയും വക്കീൽ പ്രാക്ടീസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള അശ്വിനി കുമാർ ഉപാധ്യായയുടെ പരാതിയിന്മേൽ തീർപ്പുകല്പിക്കേണ്ടതുണ്ട്. നേരത്തെ പരാതി പരിഗണിക്കവെ എംഎൽഎമാരും എംപിമാരും തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണെന്നും സർക്കാർ ശമ്പളം പറ്റുന്ന മുഴുവൻസമയ ജീവനക്കാരല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.


9. സ്ത്രീധന നിരോധന നിയമം

സ്ത്രീധന നിരോധന നിയമ വകുപ്പ് ദുരുപയോഗം ചെയ്ത് കേസുകളിൽ ഉൾപ്പെടുത്തുന്ന പ്രവണതയുണ്ടെന്നും നിയമം പുനര്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വിധി പറയേണ്ടതുണ്ട്. സ്ത്രീധന നിരോധന നിയമ വകുപ്പ് 498എ ദുരുപയോഗം ചെയ്ത് ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുക്കളും അടക്കമുള്ളവരെ കേസുകളില്‍ ഉള്‍പ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.

സ്ത്രീധന പീഡന നിരോധനം പോലുള്ള വകുപ്പുകൾ ദുർബലമാകുന്നതിൽ നിരവധി പേർ ആശങ്കപ്പെട്ടിട്ടുണ്ട്,

10. ആധാർ

ആധാർ നിർബന്ധമാക്കുന്നതിനെതിരെ അഞ്ചു വർഷങ്ങൾക്കു മുൻപ് സമർപ്പിക്കപ്പെട്ട ഹരജിയിൽ അന്തിമവിധി പറയേണ്ടതുണ്ട്. ബാങ്കിങ്, ടെലികോം മുതൽ സർക്കാർ സേവനങ്ങൾക്കുവരെ ആധാർ നിർബന്ധമാക്കുന്നതിനായി കേന്ദ്ര സർക്കാർ സുപ്രീംകോടതി വിധിക്കായി കാത്ത് നിൽക്കുകയാണ്.

ആധാറിന്റെ ഭരണഘടനാപരവും വ്യക്തിസ്വാതന്ത്ര്യപരവുമായ വിഷയങ്ങളിൽ വാദം നടന്നുകൊണ്ടിരിക്കെ ആധാർ വിവരങ്ങളുടെ ചോർച്ചയുണ്ടായതും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിന്റെ പര്യവസാനമായാണ് ദീപക് മിശ്ര വിധി പറയേണ്ടത്.

add image

Latest


add image
add image
add image
add image
Top