logo

മുടിമുറിക്കാൻ കുറഞ്ഞ നിരക്ക് ഈടാക്കിയതിന് വധിക്കാനുള്ള ക്വട്ടേഷൻ; കണ്ണൂരിൽ മൂന്നുപേർ അറസ്റ്റിൽ

Malabar Bureau | Updated on:   Sep  02,  2018  09:18 am

അറുപതുകാരനായ കൃഷ്ണന്‍ ഗൾഫിലെ നീണ്ട പ്രവാസി ജീവിതത്തതിനുശേഷം പെരളത്ത് ഫ്രെഷ് ഹെയര്‍ ഡ്രെസസ് എന്ന പേരില്‍ സലൂൺ ആരംഭിക്കുകയും യൂണിയന്‍ നിര്‍ദ്ദേശിച്ച കൂലിയില്‍ നിന്നും കുറച്ച് മാത്രം ഈടാക്കുകയും ചെയ്തതാണ് സംഭവങ്ങൾക്കുള്ള കാരണം.

കണ്ണൂര്‍: പരിയാരത്ത് മുടിമുറിക്കാൻ കുറഞ്ഞ ചാർജ് ഈടാക്കിയ സലൂൺ ഉടമയെ വധിക്കാന്‍ ശ്രമം. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശിയും പെരളത്തെ സലൂൺ ഉടമയുമായ ഗണപതിച്ചാല്‍ കൃഷ്ണന് നേരെയാണ് കഴിഞ്ഞ ജൂലായ് എട്ടിന് വധശ്രമം നടന്നത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വധശ്രമത്തിന് പിന്നിലെ ക്വട്ടേഷൻ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരളത്തെ സലൂൺ ഉടമ നെല്ലിവളപ്പില്‍ എന്‍വി വിനോദ്, ബന്ധുവായ അജാന്നൂര്‍ പുല്ലൂരിലെ വെള്ളനാട് ഹൗസില്‍ സുനില്‍കുമാര്‍, ക്വട്ടേഷന്‍ സംഘാംഗം അജാന്നൂരിലെ എം അനില്‍കുമാര്‍ എന്നിവരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.

അറുപതുകാരനായ കൃഷ്ണന്‍ ഗൾഫിലെ നീണ്ട പ്രവാസി ജീവിതത്തതിനുശേഷം പെരളത്ത് ഫ്രെഷ് ഹെയര്‍ ഡ്രെസസ് എന്ന പേരില്‍ സലൂൺ ആരംഭിക്കുകയും യൂണിയന്‍ നിര്‍ദ്ദേശിച്ച കൂലിയില്‍ നിന്നും കുറച്ച് മാത്രം ഈടാക്കുകയും ചെയ്തതാണ് സംഭവങ്ങൾക്കുള്ള കാരണം. യൂണിയൻ നിർദേശം മറികടന്ന് കൃഷ്ണൻ ഞായറാഴ്ചകളിൽ സലൂൺ തുറക്കുകയും ചെയ്തു. ഇതോടെ തൊട്ടടുത്ത് ഗ്ലാമര്‍ സലൂണ്‍ നടത്തുന്ന വിനോദ് യൂണിയനില്‍ പരാതി നല്‍കുകയും യൂണിയന്‍ നേതാക്കളെത്തി ഞായറാഴ്ച്ച അടക്കണമെന്നും ചാര്‍ജ് കൂട്ടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തന്റേത് സാധാരണ ഷോപ്പായതിനാലും പ്രായമായവര്‍ മാത്രം വരികയും ചെയ്യുന്നതിനാല്‍ കൂടുതല്‍ ചാര്‍ജ് വാങ്ങില്ലെന്നും നിരവധി സലൂണുകൾ ഞായറാഴ്ച്ച തുറക്കുന്നുണ്ടെന്നും അവയൊക്കെ പൂട്ടിയാല്‍ ഞാനും പൂട്ടാമെന്നും കൃഷ്ണന്‍ യൂണിയന്‍ നേതൃത്വത്തെ അറിയിച്ചു. യൂണിയൻ നേതാക്കളുടെ വെല്ലുവിളികൾ അവഗണിച്ച് കൃഷ്ണൻ പഴയനിലയിൽ തന്നെ സലൂൺ പ്രവർത്തിപ്പിക്കാൻ തുടങ്ങി.

ഇതോടെ വിനോദ് ബന്ധുവായ സുനില്‍കുമാര്‍ മുഖേന കൃഷ്ണനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘാംഗവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അനില്‍കുമാറിന് ക്വട്ടേഷന്‍ നല്‍കി. അനിൽകുമാർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെങ്കിലും ചര്‍ച്ചകളിലൂടെ ഒന്നരലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. തുടർന്ന് സലൂൺ പൂട്ടി അറത്തിപ്പറമ്പിലേക്ക് വീട്ടിലേക്ക് പോകവെ മുഖംമൂടി ധരിച്ചെത്തിയ അനില്‍കുമാര്‍ കൃഷ്ണനെ ആക്രമിച്ചു. തലയ്ക്ക് മാരകമായി പരിക്കേറ്റ് അബോധാവസ്ഥയിലായ കൃഷ്ണനെ നാട്ടുകാരാണ് പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷൻ കഥ ചുരുളഴിഞ്ഞതും പ്രതികൾ വലയിലായതും.

add image

Latest


add image
add image
add image
add image
Top