logo

മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമക്ക് റിലയൻസിന്റെ സാമ്പത്തിക സഹായം; റാഫേൽ കരാറിൽ ഗുരുതര വെളിപ്പെടുത്തൽ

Delhi Bureau | Updated on:   Aug  31,  2018  01:11 pm

അന്താരാഷ്‌ട്ര തലത്തിൽ യുഎഇ അടക്കം എട്ട് രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രം പക്ഷേ ഇന്ത്യയില്‍ റിലീസ് ചെയ്തില്ല.

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനങ്ങളുടെ കരാറിനുവേണ്ടി ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഒലാന്ദയുടെ കാമുകിയുടെ സിനിമാനിര്‍മാണത്തിന് റിലയന്‍സ് സാമ്പത്തികസഹായം നല്‍കിയതായി വെളിപ്പെടുത്തൽ. റാഫേലിൽ അഴിമതി നടന്നതായുള്ള ആരോപണങ്ങൾക്ക് ശക്തിവർധിക്കവേ ദേശീയമാധ്യമമായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സാണ് ഗുരുതരമായ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. റഫാല്‍ ധാരണാപത്രം ഒപ്പിടുന്നതിനു രണ്ടുദിവസം മുന്‍പായിരുന്നു റിലയന്‍സ് എന്റര്‍ടൈയ്മെന്റും ഒലാന്ദയുടെ കാമുകി ജൂലി ഗായെയുടെ റൂഷ് ഇന്റര്‍നാഷണലും ചേർന്നുള്ള സിനിമാനിര്‍മാണത്തിന് ധാരണയായതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

2016 ജനവരിയിൽ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണാപത്രം ഒപ്പിടുകയായിരുന്നു. എന്നാൽ ഇതിനു രണ്ട് ദിവസം മുമ്പാണ് സിനിമാ നിര്‍മ്മാണത്തിന് സാമ്പത്തിക പങ്കാളിത്തത്തിനുള്ള കരാറായത്. തുടർന്ന് ഡസോട്ട് ഏവിയേഷനുമായി ചേര്‍ന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് 59000 കോടി രൂപയുടെ റാഫേൽ കരാറില്‍ ഏര്‍പ്പെട്ടത്.

'ഡസോട്ട് റിലയന്‍സ് ലിമിറ്റഡ്' എന്ന സംയുക്ത കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ ഡസോട്ട് ഏവിയേഷന് 49 ശതമാനവും ഓഹരി പങ്കാളിത്തവുമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയും ധാരണാപത്രം ഒപ്പുവെക്കുന്നതിനു രണ്ടുദിവസം മുൻപേ, 2016 ജനവരി 24 നാണ് റിലയന്‍സ് എന്റര്‍ടൈന്റ്‌മെന്റ് ജൂലി ഗായെയുടെ റൂഷ് ഇന്റര്‍നാഷണലുമായി ഫ്രഞ്ച് സിനിമ നിര്‍മ്മിക്കാന്‍ കരാര്‍ ഒപ്പിട്ടത്.

റിലയന്‍സ് എന്റര്‍ടൈന്റ്‌മെന്റിന്റെ സാമ്പത്തിക പങ്കാളിത്തത്തോടെ ജൂലി ഗായെയുടെ റൂഷ് ഇന്റര്‍നാഷണൽ നിർമിച്ച 'ടു ദി ടോപ്പ്' എന്ന ചിത്രം സെര്‍ജി ഹസ്സാനവിസ് ആണ് സംവിധാനം ചെയ്തത്. 2017 ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്തു. ഡസോട്ട് ഏവിയേഷന്‍ ചെയര്‍മാനും അനില്‍ അംബാനിയും ചേര്‍ന്ന് ഡെസോട്ട് എയ്‌റോ സ്‌പേസിന്റെ നിര്‍മ്മാണ പ്ലാന്റിന് നാഗ്പൂരില്‍ ശിലയിട്ട് എട്ട് ആഴ്ചയായപ്പോഴായിരുന്നു സിനിമയുടെ റിലീസ്. ഫ്രഞ്ച് പ്രതിരോധമന്ത്രി, കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മഹാരാഷ് ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ ഡെസോട്ട് എയ്‌റോ സ്‌പേസിന്റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.

അന്താരാഷ്‌ട്ര തലത്തിൽ യുഎഇ അടക്കം എട്ട് രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രം പക്ഷേ ഇന്ത്യയില്‍ റിലീസ് ചെയ്തില്ല. വിമാനം വാങ്ങാനുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം കരാര്‍ ഒപ്പിടുമ്പോള്‍ ജൂലി ഗായെ പ്രസിഡന്റ് ഒലാന്ദയ്‌ക്കൊപ്പം പാരീസിലെ എല്‍സി കൊട്ടാരത്തിലായിരുന്നു താമസം. 2014 ജനുവരിയിലാണ് ഒലാന്ദയുമായി ഗായെക്കുള്ള ബന്ധം പരസ്യമായത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2016 സപ്തംബര്‍ 23 ന് ഡല്‍ഹിയില്‍ വച്ചാണ് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ 59000 കോടിയുടെ അന്തിമ കരാര്‍ ഒപ്പിട്ടത്.

എന്നാൽ സിനിമ നിര്‍മ്മാണത്തെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായില്ല എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാർ നേടാനായി സിനിമാ നിർമാണത്തിൽ റിലയൻസ് പങ്കാളിയായെന്നും വലിയ അഴിമതി നടന്നുവെന്നുമാണ് ഇന്ത്യൻ എക്സ്പ്രസ്സ് വെളിപ്പെടുത്തുന്നത്.

add image

Latest


add image
add image
add image
add image
Top