logo

ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയാമോ?

Arun Perumadathil | Updated on:   Aug  27,  2018  03:25 pm

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കന്നിവോട്ടർമാരായി എത്തേണ്ടുന്ന കൗമാരക്കാരെ ലക്‌ഷ്യം വച്ചുകൊണ്ട് എഴുതിയ 'എക്സാം വാരിയേഴ്‌സ്' എന്ന പുസ്തകം കൂടി പ്രസിദ്ധീകരിക്കപ്പെട്ടതോടെ 14 പുസ്തകങ്ങളാണ് നരേന്ദ്ര മോദിയുടേതായി പുറത്ത് വന്നിരിക്കുന്നത്.

രാഷ്ട്രീയവും അനുഭവങ്ങളും അക്കാദമിക് വിഷയങ്ങളും സാഹിത്യവും ഒക്കെ എഴുതുകയും പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രധാനമന്ത്രിമാരാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റേതടക്കമുള്ള പുസ്തകങ്ങൾ ദൈനംദിന - രാഷ്ട്രീയ ചർച്ചകളിൽ കൂടി പരാമര്ശിക്കപ്പെടുന്നവയാണ്. എന്നാൽ ഏറ്റവുമധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് നരേന്ദ്ര മോഡി എന്നാണ് ഉത്തരം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കന്നിവോട്ടർമാരായി എത്തേണ്ടുന്ന കൗമാരക്കാരെ ലക്‌ഷ്യം വച്ചുകൊണ്ട് എഴുതിയ 'എക്സാം വാരിയേഴ്‌സ്' എന്ന പുസ്തകം കൂടി പ്രസിദ്ധീകരിക്കപ്പെട്ടതോടെ 14 പുസ്തകങ്ങളാണ് നരേന്ദ്ര മോദിയുടേതായി പുറത്ത് വന്നിരിക്കുന്നത്.

ബിജെപിയിൽ നരേന്ദ്ര മോദിയുടെ മുൻഗാമി കൂടിയായ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് പുസ്തകങ്ങളുടെ കാര്യത്തിൽ മോദിക്ക് തൊട്ടു പുറകിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. കവി എന്ന നിലയിൽ കൂടി അറിയപ്പെട്ടിരുന്ന വാജ്‌പേയിയുടെ പുസ്തകങ്ങളിലേറെയും കവിതാ സമാഹാരങ്ങളാണ്. 'ക്യാ ഖോയ, ക്യാ പായ', 'ഇരുപത്തിയൊന്ന് കവിതകൾ' എന്നീ പുസ്തകങ്ങൾ വാജ്‌പേയിയുടെ ഏറെ വായിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളാണ്.

ഏറെ ആധികാരികമെന്നും ചരിത്ര രേഖകളെന്നും അറിയപ്പെടുന്നവയും പഠിക്കപ്പെടുന്നവയുമാണ് ജവഹർലാൽ നെഹ്‌റുവിന്റെ പുസ്തകങ്ങൾ. മൂന്നു പുസ്തകങ്ങൾ മാത്രമാണ് നെഹ്‌റു രചിച്ചിട്ടുള്ളത്. ഇതിനു പുറമെ നെഹ്‌റു മകൾ ഇന്ദിരക്കടക്കമയച്ച കത്തുകളും പ്രസംഗങ്ങളും ഒക്കെ നിരവധി പുസ്തകങ്ങളായി പുറത്ത് വന്നിട്ടുണ്ട്. നെഹ്‌റു രചിച്ച 595 പേജുള്ള 'ഇന്ത്യയെ കണ്ടെത്തൽ' എന്ന ഗ്രന്ഥത്തിന് പകരം വെക്കാൻ കഴിയുന്ന ആ ഗണത്തിൽ പെട്ട മറ്റൊരു ഗ്രന്ഥമില്ലെന്നു പറയാം. 'സ്വാതന്ത്ര്യത്തിലേക്ക്' എന്ന ആത്മകഥയും 'ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി' എന്ന ഗ്രന്ഥവും അത്തരത്തിൽ പെട്ടവ തന്നെ.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന നിലയിലും സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്രക്കൈമാറ്റ വേളയിലും പ്രധാന സ്ഥാനം വഹിച്ചിട്ടുള്ള ആൾ എന്ന നിലയിലും നെഹ്രുവിന്റെ പുസ്തകങ്ങൾ ചരിത്ര രേഖകളായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യക്കകത്ത് മാത്രമല്ല, വിദേശ രാഷ്ട്രങ്ങളിലും സർവകലാശാലകളിലും നെഹ്രുവിന്റെ പുസ്തകങ്ങൾ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും നെഹ്രുവിന്റെ മകളുമായ ഇന്ദിരാ ഗാന്ധി നാല് പുസ്തകങ്ങളാണ് എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൈ ട്രൂത്ത്, പീപ്പിൾ ആൻഡ് പ്രോബ്ലംസ്, എറ്റേണൽ ഇന്ത്യ, ഓഫ് മാൻ ആൻഡ് ഹിസ് എൻവിറോണ്മെന്റ് എന്നിവയാണ് ഇന്ദിരയുടെ പുസ്തകങ്ങൾ.

രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളിൽ എട്ട് പുസ്തകങ്ങളാണ് മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ് രചിച്ചിട്ടുള്ളത്. വി പി സിങ് അദ്ദേഹത്തിന്റെ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചന്ദ്ര ശേഖർ ഇന്ത്യൻ സാമൂഹ്യ - രാഷ്ട്രീയ - സാമ്പത്തിക വിഷയങ്ങളിലായി മൂന്നു ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഇവയിൽ ഒരെണ്ണം ആത്മകഥയാണ്.

ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമടക്കം മൂന്നു പുസ്തകങ്ങളാണ് നരസിംഹ റാവുവിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. വിദേശകാര്യമന്ത്രിയായി കൂടി പ്രവർത്തിച്ചിട്ടുള്ള മുൻപ്രധാനമന്ത്രി ഐക്ക് ഗുജ്റാൾ വിദേശ നയവുമായി ബന്ധപ്പെട്ട രണ്ടു അക്കാദമിക് ഗ്രന്ഥങ്ങളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'മൂത്രചികിത്സയുടെ അത്ഭുതങ്ങൾ' എന്ന ഗ്രന്ഥമടക്കം മൂന്നു പുസ്തകങ്ങളാണ് മൊറാർജി ദേശായി എഴുതിയിരിക്കുന്നത്.

ഭരണപരമായി നരേന്ദ്ര മോദിയുടെ മുൻഗാമിയും രണ്ടു തനകളിലായി തുടർച്ചയായി പ്രധാനമന്ത്രിയാകുകയും ചെയ്ത മൻമോഹൻ സിങ് ഒരു സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ ആഗോളതലത്തിൽ പേരെടുത്ത വ്യക്തിയാണ്. 'എക്സ്പോർട്ട് ട്രെൻഡ്‌സ് ആൻഡ് പ്രോസ്പെക്ട്സ് ഓഫ് സെയ്ഫ് സസ്‌റ്റെയിൻഡ് ഗ്രോത്ത്' എന്ന മൻമോഹൻ സിങിന്റെ ഗ്രന്ഥം ഉന്നതമായ അക്കാദമിക് നിലവാരം പുലർത്തുന്ന രചനയാണ്‌. ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, ലാൽ ബഹാദൂർ ശാസ്ത്രി, എച്ച്ഡി ദേവഗൗഡ എന്നിവർ ഒരു ഗ്രന്ഥവും രചിച്ചിട്ടില്ല.

ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ ഏറ്റവുമധികം പുസ്തകങ്ങൾ രചിച്ച പെരുമ തന്റെ രാഷ്ട്രീയ മുൻഗാമി വാജ്‌പേയിയിൽ നിന്നും നേടിയെടുക്കുക എന്നതുതന്നെയാവണം നരേന്ദ്ര മോദിയുടെ ഉദ്ദേശം. നെഹ്രുവും ഇന്ദിരയും നരസിംഹ റാവുവും മൻമോഹൻ സിങ്ങുമടക്കം എണ്ണപ്പെട്ട 'എതിരാളികൾ' ഇംഗ്ലീഷിൽ എഴുതിയപ്പോൾ മോദിയുടെ രചന ഹിന്ദിയിലായിരുന്നു. ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ 25 വയസ്സുകാരനായിരുന്ന മോദിയുടെ ഡയറിക്കുറിപ്പുകളാണ് നരേന്ദ്ര മോദിയുടെ 14 പുസ്തകങ്ങളിൽ കാര്യമായാണ് എന്നതുകൂടിയുണ്ട്. വർത്തമാനകാലത്തിനപ്പുറത്ത് ഏറ്റവുമധികം ഗ്രന്ഥങ്ങൾ എഴുതിയ പ്രധാനമന്ത്രി എന്ന് കൂടി ചരിത്രത്തിൽ രേഖപ്പെടുത്താനാവണം നരേന്ദ്ര മോദിയുടെ ലക്‌ഷ്യം.

add image

Latest


add image
add image
add image
add image
Top