logo

ചാലക്കുടിയിലേയും ചെങ്ങന്നൂരിലേയും സ്ഥിതിഗതികള്‍ രൂക്ഷം - മുഖ്യമന്ത്രി

News Desk | Updated on:   Aug  17,  2018  11:32 pm

തിരുവല്ല, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് വീതം ഹെലികോപ്റ്ററുകള്‍ നാളെ മുതല്‍ ഉപയോഗിക്കും.

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുള്ളത് ചാലക്കുടിയിലും ചെങ്ങന്നൂരിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ഒഴുക്ക് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചാലക്കുടിയിലും ചെങ്ങന്നൂരിലും കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. വലിയ ബോട്ടുകളും നാളെമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. വെള്ളിയാഴ്ച പകല്‍ 82,442 പേരെ രക്ഷപ്പെടുത്തി. 2094 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,14,391 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അധികം പേരെയും ബോട്ടുപയോഗിച്ചാണ് രക്ഷപെടുത്തിയത്. സേനാ വിഭാഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളിത്വം വഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ചാലക്കുടി, ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍ക്ക് പുറമേ ആര്‍മിയുടെ 12 വലിയ ബോട്ടുകള്‍ ചാലക്കുടിയിലെത്തും.

കാലടിയില്‍ അഞ്ചും ചെങ്ങന്നൂരില്‍ 15ഉം തിരുവല്ലയില്‍ പത്തും ബോട്ടുകള്‍ ശനിയാഴ്ച രാവിലെ ആറുമുതല്‍ രപക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാകും.

ചാലക്കുടിയിലേക്കും ചെങ്ങന്നൂരിലേക്കും നാല് വ്യോമസേന ഹെലികോപ്റ്ററുകള്‍ വീതം ഉപയോഗിക്കും.
തിരുവല്ല, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് വീതം ഹെലികോപ്റ്ററുകള്‍ നാളെ മുതല്‍ ഉപയോഗിക്കും. മുഖ്യമന്ത്രി പറഞ്ഞു

add image

Latest


add image
add image
add image
add image
Top