logo
Breaking News

ഇപി ജയരാജൻ, മരണത്തെപ്പോലും തോൽപ്പിച്ച കമ്മ്യുണിസ്റ്റുകാരൻ; ആരോപണങ്ങളെ അതിജീവിച്ച് വീണ്ടും മന്ത്രിപദത്തിൽ

Special Correspondent | Updated on:   Aug  14,  2018  10:39 am

പോയിന്റ് ബ്ലാങ്കിൽ നിന്നും എത്തിയ ബുള്ളറ്റുകളിൽ നിന്നും രക്ഷപ്പെട്ട ഇപി ജയരാജനെ ലണ്ടനിലെ വിദഗ്ധ ഡോക്ടർമാർ പോലും അത്ഭുതമായാണ് വിശേഷിപ്പിച്ചത്.

ആരോപണങ്ങളെ അതിജീവിച്ച് വീണ്ടും ഇപി ജയരാജൻ മന്ത്രിപദത്തിലെത്തുന്നത്, വെടിയുണ്ടയെ അതിജീവിച്ച് മരണത്തെ തോൽപ്പിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന പോരാട്ടത്തിന്റെ ബലത്തിൽ കൂടിയാണ്. 1995ലെ ജലന്ധർ പാർട്ടികോൺഗ്രെസ്സിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഇപി ജയരാജന് വെടിയേൽക്കുന്നത്. അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു ഇപി ജയരാജൻ. കേരളത്തിൽ നിന്നും പാർട്ടി കോൺഗ്രസിന് പോയ സംഘത്തിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, പികെ ശ്രീമതി തുടങ്ങിയവരും ഇപി ജയരാജനൊപ്പം ഉണ്ടായിരുന്നു. പാർട്ടി നേതാക്കളെക്കൂടാതെ ഭാര്യയും ജയരാജനൊപ്പം ഉണ്ട്. പാർട്ടി കോൺഗ്രസിന് പോകുമ്പോൾ കേരളാസംഘം ഒരുമിച്ചാണ് പോയതെങ്കിലും തിരികെ വരുമ്പോൾ പിണറായിയും കോടിയേരിയും വേറെ വഴിയാണ് കേരളത്തിലേക്ക് തിരിച്ചത്. ഇപി ജയരാജനും സംഘവും രാജധാനി എക്സ്പ്രസ്സിലും.

ജലന്ധറിൽ നിന്നും യാത്ര പുറപ്പെട്ട് രണ്ടാം ദിവസം ട്രെയിൻ ആന്ധ്രയിൽ എത്തിയപ്പോഴാണ് സംഭവം. പ്രഭാതഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഡോറിനു സമീപത്തുള്ള വാഷ്ബേസിന്റെ സമീപത്തേക്ക് ജയരാജൻ നീങ്ങി. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് ഇപി ജയരാജൻ തന്നെ വിശദീകരിച്ചത് - "വാഷ്ബേസിനിലേക്ക് തുപ്പാൻ കുനിഞ്ഞതേ ഓർമ്മയുള്ളൂ. കാതു മുഴങ്ങുന്ന ഒരു ശബ്ദം. വണ്ടിയാകെ മറിയുന്നതുപോലെ തോന്നി. താഴേക്ക് കുഴഞ്ഞു വീണു" - എന്നാണ്.

ഒച്ച കേട്ട് ഓടിയെത്തിവർ കണ്ടത് വീണു കിടക്കുന്ന ജയരാജനെ. ആന്ധ്ര മേഖലയിൽ അക്കാലത്ത് തീവണ്ടിക്കൊള്ള പതിവായതിനാൽ ട്രെയിൻ കൊള്ളക്കാർ തലക്കടിച്ച് വീഴ്ത്തിയതാവും എന്നാണ് അവർ കരുതിയത്. യാത്രക്കാർ ഉടൻ ചങ്ങല വലിച്ചെങ്കിലും പത്തുകിലോമീറ്ററിലധികം ഓടിയാണ് ട്രെയിൻ നിന്നത്.

ട്രെയിനിലുണ്ടായിരുന്ന ഒരു ലേഡി ഡോക്ടർ തക്ക സമയത്ത് ഇടപെട്ടതുമൂലമാണ് ജയരാജന് ജീവൻ തിരിച്ചു കിട്ടിയത്. കയ്യിൽ ഉണ്ടായിരുന്ന മെഡിക്കൽ കിറ്റ് ഉപയോഗിച്ച് അവർ ജയരാജന് പ്രഥമശുശ്രൂഷ നൽകുകയും രക്തസ്രാവം തടഞ്ഞു കൊണ്ട് മുറിവ് കെട്ടുകയും ചെയ്തു. തുടർന്ന് അതേ ട്രെയിനിൽ തന്നെ ജയരാജനെ ചെന്നൈയിലേക്ക് കൊണ്ടുവരികയും ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.

രണ്ടാഴ്ച്ച ചെന്നെയിലെ ആശുപത്രിയിൽ ചികിത്സ. സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വെടിയുണ്ടയുടെ കുറേഭാഗങ്ങൾ നീക്കം ചെയ്തു. വിദഗ്ധ ചികിത്സക്കായി ജയരാജനെ ലണ്ടനിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിൽ വെടിയുണ്ടയുടെ കുറച്ച് ഭാഗം കഴുത്തിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. മജ്ജയോടൊപ്പം ചേർന്ന് കിടക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യുന്നത് ജീവന് തന്നെ അപകടകരമാണെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. അത് അവിടെത്തന്നെ ഇരുന്നോട്ടെ എന്നായിരുന്നു ഇപി ജയരാജന്റെ മറുപടി.

ഇതിനിടയിൽ ജയരാജനെ വെടിവച്ചവരെ പോലീസ് പിടികൂടി. തീവണ്ടിയിൽ വച്ച് ജയരാജനെ വെടിവച്ച രണ്ടംഗ സംഘത്തിലെ പേട്ട ദിനേശൻ, യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി സ്ലോ ആയപ്പോൾ തന്നെ താഴേക്കു ചാടി. ജയരാജനെ വെടിവെക്കുന്നതടക്കം പല യാത്രക്കാരും നേരിൽ കണ്ടിരുന്നെങ്കിലും അപ്പോഴാരും മിണ്ടിയില്ല. താഴേക്കു ചാടിയ ദിനേശന് പരിക്കേറ്റു. വയലിൽ ജോലി ചെയ്യുകയായിരുന്ന തദ്ദേശീയരാണ് തീവണ്ടിയിൽ നിന്നും തെറിച്ചു വീണ ദിനേശനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്.

ദിനേശനെ പരിശോധിക്കുമ്പോൾ രണ്ടു റിവോൾവറുകൾ കണ്ടെടുത്തു. കൊള്ളസംഘത്തിൽ പേട്ട ആളാണെന്നു കരുതി ഡോകടർ പോലീസിൽ അറിയിക്കുകയും പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ട്രെയിനിൽ ഒരാളെ വെടിവച്ചു കൊന്നിട്ടുണ്ടെന്നും തനിക്കൊപ്പം വിക്രം ചാലിൽ ശശി എന്ന ഒരാൾ കൂടിയുണ്ടെന്നും അയാൾ അടുത്ത ട്രെയിനിൽ കയറി ചെന്നെയിൽ ഇറങ്ങുമെന്നും പേട്ട ദിനേശൻ പറഞ്ഞു.

വിക്രംചാലിൽ ശശിയായിരുന്നു ജയരാജന് നേരെ വെടിയുതിർത്തത്. വളരെ സാഹസികമായാണ് വിക്രംചാലിൽ ശശിയെ ചെന്നൈയിൽ വച്ച് പോലീസ് പിടികൂടിയത്. പോലീസ് വളഞ്ഞപ്പോൾ തോക്കെടുത്ത് അവർക്കു നേരെ വെടിവെക്കാൻ ശ്രമിച്ച ശശിയെ മൽപ്പിടുത്തത്തിലൂടെ പോലീസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു.

കേരളത്തിലെ മന്ത്രി എംവി രാഘവനും കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനും പറഞ്ഞിട്ടാണ് വെടിവച്ചതെന്നാണ് വിക്രംചാലിൽ ശശി കേസന്വേഷിക്കുന്ന റെയിൽവേ പോലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ എംവിആറിന്റെയും സുധാകരന്റെയും പേരുണ്ടായിരുന്നു.

പിന്നീട് രാഷ്ട്രീയ വാക്‌പ്പോരുകൾ, നിയമപ്പോരാട്ടങ്ങൾ...

പോയിന്റ് ബ്ലാങ്കിൽ നിന്നും എത്തിയ ബുള്ളറ്റുകളിൽ നിന്നും രക്ഷപ്പെട്ട ഇപി ജയരാജനെ ലണ്ടനിലെ വിദഗ്ധ ഡോക്ടർമാർ പോലും അത്ഭുതമായാണ് വിശേഷിപ്പിച്ചത്. അസാമാന്യ മനധൈര്യത്തോടെയാണ് ഇപി അതിനെ നേരിട്ടത്. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനത്തുനിന്ന് പുറത്തുവരികയും പാർട്ടിക്ക് പൂർണമായും വിധേയമാകുകയും ഒടുവിൽ തിരിച്ചുവരവ് നടത്തുകയും ചെയ്യാൻ ഇപി ജയരാജനെന്ന 'കണ്ണൂർ കമ്മ്യുണിസ്റ്റിന്' സാധിച്ചതും അതിനാൽ തന്നെയാവണം.

add image

Latest


add image
add image
add image
add image
Top