logo

'വസുന്ധര ഗോ ബാക്ക്'; രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ സ്വന്തം മണ്ഡലത്തിൽ ബിജെപിക്കാരുടെ കനത്ത പ്രതിഷേധം

Delhi Bureau | Updated on:   Aug  12,  2018  11:21 am

മൂന്നു പതിറ്റാണ്ടായി ജാലാവാർ മണ്ഡലത്തില്‍ തുടരുന്ന അഴിമതിയിലും വികസനമുരടിപ്പിലും മനംമടുത്താണ് തങ്ങള്‍ സമരത്തിനിറങ്ങിയതെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.

ജാലാവാര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയ്ക്കെതിരെ സ്വന്തം പ്രവര്‍ത്തകരുടെ കനത്ത പ്രധിഷേധം. ജാലാവാര്‍ മണ്ഡലത്തിലെ വികസന മുരടിപ്പിനും അഴിമതിക്കും കാരണക്കാരിയായ വസുന്ധര രാജെയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ട് ചെയ്യരുത് എന്നാണ് ഇവരുടെ പ്രധാന പ്രചാരണം. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷിക ദിനമായ ആഗസ്റ്റ് 9ന് 'ക്വിറ്റ് വസുന്ധര ജാലാവാര്‍', 'വസുന്ധര ഗോ ബാക്ക്' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് വസുന്ധര രാജെയുടെ സ്വന്തം മണ്ഡലത്തിൽ കനത്ത പ്രതിഷേധ പരിപാടി നടന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 180 സീറ്റിലും വിജയിച്ച് ബിജെപി വീണ്ടും തിരിച്ചുവരവ് നടത്തുമെന്ന് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെയിലാണ് മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്.

മൂന്നു പതിറ്റാണ്ടായി ജാലാവാർ മണ്ഡലത്തില്‍ തുടരുന്ന അഴിമതിയിലും വികസനമുരടിപ്പിലും മനംമടുത്താണ് തങ്ങള്‍ സമരത്തിനിറങ്ങിയതെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. ക്വിറ്റ് ഇന്ത്യ ദിനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ബൈക്ക് റാലിയില്‍ 500 ബൈക്കുകളിലായി ആയിരത്തിലധികം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ജാലാവാർ മണ്ഡലത്തിലുടനീളം റാലിക്ക് പാർട്ടി പ്രവർത്തകരിൽ നിന്നും നല്ല പ്രതികരണമാണ് ഉണ്ടായത്.

അഞ്ച് തവണ വസുദ്ധര രാജെ ജാലാവാർ മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ജാലാവാറിൽ നിന്നു തന്നെ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട അവർ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. എന്നിട്ടും ഈ മണ്ഡലത്തിലെ സാധാരണക്കാരന് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. പാര്‍ട്ടിയെയും അവര്‍ ഇല്ലാതാക്കി. ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെ ചവിട്ടിത്താഴ്ത്തി പകരം നിക്ഷിപ്ത താല്‍പര്യക്കാരെ കുത്തി നിറച്ചതായും ബിജെപി പ്രവർത്തകർ പറയുന്നു.

വസുന്ധര രാജെയെ പൂർണമായും പിന്തുണച്ചുകൊണ്ട് ബിജെപി നേതൃത്വം മുന്നോട്ടുവന്നു. മണ്ഡലത്തിൽ മികച്ച വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും രാഷ്ട്രീയമായ കാരണങ്ങളാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് പിന്നിലെന്നുമാണ് നേതൃത്വത്തിന്റെ ഭാഷ്യം. പ്രക്ഷോഭത്തിന്‌ പിന്നിൽ ബിജെപിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന റിബല്‍ നേതാവും വസുന്ധര രാജെയുടെ പ്രധാന എതിരാളിയുമായ ഘനശ്യാം തിവാരിയുടെ അണികളാണെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ വികസന മുരടിപ്പ് ഉയർത്തിക്കാട്ടിക്കൊണ്ട് സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ നടത്തുന്ന സമരം ബിജെപിക്ക് വലിയ തലവേദനയാകുകയാണ്. ഇരുപത്തിയഞ്ച് ലോക്സഭാ മണ്ഡലങ്ങളാണ് രാജസ്ഥാനിലുള്ളത്.

add image

Latest


add image
add image
add image
add image
Top