logo

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് എൻഡിഎയിൽ ഭിന്നത; ശിരോമണി അകാലിദൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നേക്കും

Delhi Bureau | Updated on:   Aug  07,  2018  01:39 pm

ശിരോമണി അകാലിദൾ നേതാവായ അംഗത്തെ തഴഞ്ഞ് ജെഡിയു അംഗത്തെ മത്സരിപ്പിക്കാനുള്ള നീക്കമാണ് പ്രശ്നങ്ങൾക്ക് കാരണം.

ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് എൻഡിഎയിൽ ഭിന്നത മുറുകുന്നു. ശിരോമണി അകാലിദൾ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നേക്കും. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ശിരോമണി അകാലിദൾ നേതാവായ അംഗത്തെ തഴഞ്ഞ് ജെഡിയു അംഗത്തെ മത്സരിപ്പിക്കാനുള്ള നീക്കമാണ് പ്രശ്നങ്ങൾക്ക് കാരണം.

അകാലിദള്‍ നേതാവ് നരേഷ് ഗുജറാളിന്റെ പേരാണ് നേരത്തെ എൻഡിഎ സജീവമായി പരിഗണിച്ചിരുന്നത്. എന്നാൽ പെട്ടന്ന് അദ്ദേഹത്തെ ഒഴിവാക്കി ജെഡിയുവിന്റെ ഹരിവന്‍ശ് നാരായണ്‍ സിങ്ങിനെ മത്സരിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇതാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളെക്കുറിച്ച് ആലോചിക്കാൻ ശിരോമണി അകാലിദളിനെ പ്രേരിപ്പിച്ചത്.

110 അംഗങ്ങളുള്ള ഇന്ത്യയിൽ മൂന്ന് അംഗങ്ങളാണ് അകാലിദളിനുള്ളത്. എന്‍ഡിഎയ്ക്ക് പുറത്തുള്ളവരില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനാതാദള്‍, ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ് എന്നിവരുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഈ രണ്ട് പാര്‍ട്ടികള്‍ക്കുമായി 15 അംഗങ്ങളുണ്ട്. വിജയിക്കാൻ 123 വോട്ടുകൾ മതിയെന്നിരിക്കെ അകാലിദൾ വിട്ടുനിന്നാലും ജയം സ്വന്തമാക്കാൻ കഴിയുമെന്നാണ് ബിജെപി കരുതുന്നത്.

കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ വസതിയില്‍ ചേര്‍ന്ന പാർട്ടി നേതാക്കളുടെ യോഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം ചര്‍ച്ചചെയ്തു. അന്തിമ തീരുമാനം ഇന്ന് തന്നെ അകാലിദള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ശിരോമണി അകാലിദളിനെ പിണക്കിക്കൊണ്ട് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം ബിജെപി നേടിയാലും മാസങ്ങള്‍ അപ്പുറത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാകും ഇത് ഉയർത്തുക. അതിനാൽ തന്നെ ശിരോമണി അകാലിദളിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാകാനിടയുണ്ട്.

add image

Latest


add image
add image
add image
add image
Top