logo
Breaking News

കാസർഗോഡ് മദ്രസാ വിദ്യാർത്ഥിയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി; സഹപാഠി പൊലീസ് കസ്റ്റഡിയിൽ

Malabar Bureau | Updated on:   Aug  05,  2018  05:41 pm

സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും കര്‍ണാടക സ്വദേശിയുമായ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസർഗോഡ്: ബന്ദിയോട് മുട്ടത്ത് മദ്രസാ വിദ്യാര്‍ത്ഥിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും കര്‍ണാടക സ്വദേശിയുമായ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുട്ടം മഖ്ദൂമിയ മത പഠനശാലയിലെ വിദ്യാര്‍ത്ഥി മിജു എന്ന മിദ്‌ലാജാ(16)ണ് കൊല്ലപ്പെട്ടത്. മിദ്‌ലജിന്റെ പിതാവ് യൂസഫ് ഇതേ സ്ഥാപനത്തിലെ പാചക തൊഴിലാളിയായി ജോലി ചെയ്തു വരികയാണ്.

സ്ഥാപനത്തോട് ചേര്‍ന്ന താമസസ്ഥലത്തുവച്ച് മിദ്‌ലാജും സഹപാഠിയും തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നും ഇതിനിടെ ഇയാൾ സ്ഥലത്തുണ്ടായിരുന്ന കത്രിക കൊണ്ട് മിദ്‌ലാജിന്റെ നെഞ്ചത്ത് കുത്തുകയുമാണുണ്ടായതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പേപ്പർ മുറിക്കുന്നതുമായി ബന്ധപ്പെട്ട നിസ്സാര തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.

നിലവിളി കേട്ടെത്തിയ മറ്റു വിദ്യാര്‍ത്ഥികളും സ്ഥാപനത്തിലെ ജീവനക്കാരും മിദ്‌ലാജിനെ ഉടന്‍ തന്നെ ബന്തിയോട്ടെ ഡി.എം. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മംഗല്‍പ്പാടി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകും.

സ്ഥാപനത്തിലെ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പ്രേംസദന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സഹപാഠിയായ പതിനാറുകാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

add image

Latest


add image
add image
add image
add image
Top